Friday, September 7, 2007

ജാലകം

എന്റെ ജനാലയ്ക്കല്‍ ഞാനെപ്പോഴും ആരെയോ പ്രതീക്ഷിക്കുന്നു. സൌഹൃദഭാവത്തില്‍ പുഞ്ചിരിക്കുന്ന സാന്ത്വനത്തിന്‍റെ സ്വരമുള്ള ഒരു മുഖം പ്രതീക്ഷകള്‍ക്കുമേല്‍ ഞാനറിയാതെജീവിക്കുന്നു. എന്‍റെ ഈ ചെറിയ ജീവിതം തന്നെ അതായി മാറുന്നത്‌ ഞാനറിയാതിരുന്നില്ല. അനേകം തിരുത്തലുകള്‍ക്കു ശേഷവും തെളിഞ്ഞുവരുന്ന ഒരു തെറ്റുപോലെ ആ പ്രതീക്ഷ എന്‍റെ ദിവസങ്ങള്‍ക്കുമേല്‍ കുരുങ്ങിനിന്നു. ആ തെറ്റിനു മീതെ അജ്ഞാതമായ ഏതോ ശരി കണ്ടെത്താനുള്ള മോഹവുമായി ഞാന്‍ അലഞ്ഞുകൊണ്ടിരുന്നു.പിടിവിട്ടോടുന്ന ഒരു മനസ്സിനു പിറകേ പായേണ്ടി വരിക എന്നത്‌ എന്റെ അവസാനമില്ലാത്തവിധിയായിരുന്നു.

ഉള്ളില്‍ ചിന്തകള്‍ പെരുകി മനസ്സ്‌ മുറുകുമ്പോള്‍ വളരെ യാന്ത്രികമായി ഞാന്‍ ഇരുമനസ്സുകളില്‍ തിളക്കമായെത്തുന്ന പ്രേമത്തെക്കുറിച്ചും വലിയ നഗരങ്ങളിലെ മുഖമില്ലാത്ത മനുഷ്യരെക്കുറിച്ചും ഓര്‍ക്കാന്‍ ശ്രമിക്കും. എന്നാല്‍, എല്ലാ ഓര്‍മകളാലും നയിക്കപ്പെട്ട്‌ ഞാനൊടുവില്‍ എത്തിച്ചേരുന്നത്‌ പ്രതീക്ഷയുറങ്ങുന്ന ആ ജനാലയ്ക്കല്‍ തന്നെയായിരിക്കും. അതിനു പിന്നില്‍ തെളിഞ്ഞേക്കാവുന്ന മുഖത്തെ അദൃശ്യമായ പുഞ്ചിരിയില്‍ എന്‍റെ മനസ്സിന്‍റെ ഇല്ലാത്ത തിളക്കം ഒരോര്‍മയാകും.ജനാല ഒഴിഞ്ഞുതന്നെ കിടന്നു. ജനാലയ്ക്കിപ്പുറം ഞാനും എന്‍റെ പ്രതീക്ഷയും വെറുതെ തലനീട്ടി നിന്നു. ജനാലയ്ക്കപ്പുറം ഋതുക്കളുടെ നിറം മാറിക്കൊണ്ടിരുന്നു...

ഒടുവില്‍ ലോകമാകെ ഉറങ്ങുന്ന ഒരവസരത്തില്‍ നിരാശതയിലേക്ക്‌ വഴുതിവീണുകൊണ്ടിരുന്ന എന്‍റെ പിടിവള്ളികള്‍ ജനാലയ്ക്കല്‍ ഉറച്ചു.അവസാനശ്രമമെന്ന മട്ടില്‍ ഞാനവ തള്ളിത്തുറന്നു.ജനാലയ്ക്കു പിന്നില്‍ പുകയുന്ന ഇരുള്‍ മാത്രം വെറുതെ നിറഞ്ഞു.അവസാനശ്രമവും വിഫലമായതില്‍ മനംമടുപ്പോടെ ജനല്‍പ്പാളികള്‍ വീണ്ടും അടയ്ക്കാന്‍ തുനിയുമ്പോള്‍ ആ ഇരുള്‍ മുറിക്കുള്ളിലേക്ക്‌ ചെറുചിരിയോടെ കയറി വരുന്നതായി ഞാന്‍ കണ്ടു. ()